പുതിയ ജിമെയിൽ അക്കൗണ്ടുകൾക്ക് 5 ജിബി മാത്രം?; പരീക്ഷണ നയവുമായി ഗൂഗിൾ

ഗൂഗിൾ തങ്ങളുടെ ജിമെയിൽ സേവനങ്ങളിൽ പുതിയ സംഭരണ നയം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ലഭിക്കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിന് പകരം പുതിയ അക്കൗണ്ട് ഉപയോക്താക്കൾക്ക് ആദ്യം 5 ജിബി മാത്രം നൽകുകയും, മുഴുവൻ 15 ജിബി ലഭിക്കാൻ ഫോൺ നമ്പർ അക്കൗണ്ടിൽ ചേർക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്ന രീതിയാണ് പരീക്ഷിക്കുന്നത്.

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ മാറ്റം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ ജിമെയിൽ അക്കൗണ്ട് തുറന്നപ്പോൾ 5 ജിബി സ്റ്റോറേജ് മാത്രമാണ് ലഭിച്ചതെന്നും ഫോൺ നമ്പർ ചേർത്താൽ 15 ജിബിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന സന്ദേശം ലഭിച്ചതായും അദ്ദേഹം സ്ക്രീൻഷോട്ടോടെ പങ്കുവെച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമായത്.

സംഭവത്തിൽ വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തി. “തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിലെ പുതിയ അക്കൗണ്ടുകൾക്കായി മാത്രമാണ് ഈ നയം പരീക്ഷിക്കുന്നത്. അക്കൗണ്ട് സുരക്ഷയും ഡാറ്റ റിക്കവറിയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം,” എന്നാണ് ഗൂഗിൾ വക്താവിന്റെ പ്രതികരണം. ഫോൺ നമ്പർ ചേർക്കുന്നതിലൂടെ ഉപയോക്തൃ സുരക്ഷ വർധിപ്പിക്കാനാണ് ശ്രമമെന്നും കമ്പനി അറിയിച്ചു.

അതേസമയം, ഇത് ആഗോളതലത്തിൽ നടപ്പിലാക്കിയ മാറ്റമല്ലെന്നും പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം നടപ്പാക്കുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് പേജുകളിൽ ഇപ്പോഴും ഓരോ അക്കൗണ്ടിനും 15 ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

നിലവിലുള്ള ജിമെയിൽ ഉപയോക്താക്കളുടെ 15 ജിബി സ്റ്റോറേജിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു.

മറുപടി രേഖപ്പെടുത്തുക