ടോളിവുഡ് നടി ശ്രീലീലയും ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മയും തമ്മിൽ പ്രണയത്തിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് നടിയുടെ ‘അമ്മ സ്വർണലത നിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിൽ സത്യത്തിന്റെ ഒരു അംശവും ഇല്ലെന്നും ഇത്തരം കിംവദന്തികൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും സ്വർണ്ണലത പ്രതികരിച്ചു. ഈ വിഷയത്തിൽ അനാവശ്യ ഊഹാപോഹങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“ശ്രീലീല നിലവിൽ സിനിമാ കരിയറിലും പഠനത്തിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കിനിടയിലും അവൾ മെഡിക്കൽ പഠനത്തിനും നീറ്റ്–പി.ജി പരീക്ഷാ തയ്യാറെടുപ്പിനും സമയം കണ്ടെത്തുകയാണ്,” എന്ന് അവർ പറഞ്ഞു.
2025 ഡിസംബറിൽ തിരുമലയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 മത്സരത്തിൽ ശ്രീലീലയുടെ സാന്നിധ്യവും വെറും യാദൃശ്ചിക സംഭവങ്ങളാണെന്നും ബന്ധങ്ങളായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സ്വർണ്ണലത വ്യക്തമാക്കി.
മുൻപ് നടൻ കാർത്തിക് ആര്യനുമായി ബന്ധപ്പെട്ട് ഉണ്ടായ സമാനമായ കിംവദന്തികളും അവർ ഓർമ്മിപ്പിച്ചു. പ്രൊഫഷണൽ പരിചയങ്ങൾ തെറ്റിദ്ധരിച്ച് വ്യാജ കഥകൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും, തെളിവില്ലാതെ സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രചാരണങ്ങൾ നടത്തരുതെന്നും അവർ ആരാധകരോട് അഭ്യർത്ഥിച്ചു.
