ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; രത്തൻ യു കേൽക്കറുടെ നിയമനം ചോദ്യം ചെയ്ത് സിപിഐഎം

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു കേൽക്കറെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആരോപണം.

രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന സംവിധാനങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷനുകൾ മാറുകയാണെന്ന ആശങ്കയും സിപിഐഎം ഉയർത്തി. ചീഫ് ഇലക്ടറൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന രത്തൻ യു കേൽക്കറെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് പിന്നാലെ “ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ” എന്ന രീതിയിൽ ഇത്തരം നിയമനം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിപിഐഎം വിമർശിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് അനുകൂലമായി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികൾ സ്വീകരിച്ചുവെന്ന എൽ‍.ഡി.എഫ് ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക