മന്ത്രിസ്ഥാനം ഒഴിയുന്നുവെന്നത് ‘സിനിമാ കഥ’; വ്യാജവാർത്തകൾക്കെതിരെ പരിഹാസവുമായി സുരേഷ് ഗോപി

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി താൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വാർത്തകളോട് പരിഹാസരൂപേണ പ്രതികരിച്ചത്.

മന്ത്രിയായ ശേഷം സിനിമകൾ ചെയ്യാൻ സാധിക്കാത്തതിനാൽ അഭിനയ രംഗത്തേക്ക് മടങ്ങണമെന്നും, വരുമാനം നിലച്ചതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു എന്നായിരുന്നു മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.

“സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ!” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതിയെന്നും ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

തന്റെ പ്രശസ്തമായ സിനിമാ സംഭാഷണത്തിന്റെ ശൈലിയിൽ, “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം” എന്ന് വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം ഒഴിയുമെന്ന വാർത്തകളെ തള്ളിക്കൊണ്ട്, സജീവമായി തന്നെ കേന്ദ്രമന്ത്രിസഭയിൽ തുടരുമെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക