ലോകകപ്പ് സ്വപ്നത്തിന്റെ സ്വർണ തിളക്കം; ഫിഫ ട്രോഫിയുടെ മൂല്യം എത്രയെന്ന് അറിയാമോ?

ഫുട്ബോൾ താരങ്ങളുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തുകയും അതിനെ ചുംബിക്കുകയും ചെയ്യുന്നത്. കളിക്കളത്തിലെ വിജയത്തിന്റെയും രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതീകമായ ഈ ട്രോഫിയുടെ യഥാർഥ മൂല്യം പണത്തിൽ അളക്കാനാകില്ല. എന്നാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണത്തിന്റെ വില കണക്കാക്കുമ്പോൾ ഇന്ന് ഈ ട്രോഫി കോടികളുടെ മൂല്യമുള്ള ഒരു അമൂല്യ വസ്തുവായി മാറിയിരിക്കുകയാണ്.

സ്വർണവിലയിലെ തുടർച്ചയായ വർധനവിന്റെ പശ്ചാത്തലത്തിൽ ഫിഫ ലോകകപ്പ് ട്രോഫിയിലെ സ്വർണത്തിന്റെ നിലവിലെ മൂല്യം ഏകദേശം 7.13 ലക്ഷം ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 6.73 കോടി വരും. ശ്രദ്ധേയമായ കാര്യം, 2022-ൽ ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ട്രോഫി ഏറ്റുവാങ്ങിയ സമയത്ത് ഇതേ സ്വർണത്തിന്റെ മൂല്യം ഏകദേശം 2.77 ലക്ഷം ഡോളർ മാത്രമായിരുന്നു എന്നതാണ്. വെറും മൂന്ന് വർഷത്തിനിടെ ട്രോഫിയുടെ സ്വർണമൂല്യം ഇരട്ടിയിലേറെയായി ഉയർന്നു.

നിലവിൽ ഉപയോഗിക്കുന്ന ലോകകപ്പ് ട്രോഫി 1974-ലാണ് അവതരിപ്പിച്ചത്. അന്ന് അതിലെ സ്വർണത്തിന്റെ മൂല്യം വെറും 25,000 ഡോളറായിരുന്നു. അഞ്ച് പതിറ്റാണ്ടുകൾക്കിടെ സ്വർണവില കുതിച്ചുയർന്നതോടെ ട്രോഫിയുടെ സാമ്പത്തിക മൂല്യവും ഗണ്യമായി വർധിച്ചു.

18 കാരറ്റ് സ്വർണം കൊണ്ടാണ് ലോകകപ്പ് ട്രോഫി നിർമ്മിച്ചിരിക്കുന്നത്. ആകെ 6.175 കിലോഗ്രാം ഭാരമുള്ള ട്രോഫിയിൽ 4.93 കിലോഗ്രാം ശുദ്ധ സ്വർണമാണ് അടങ്ങിയിരിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര യുദ്ധങ്ങൾ, സാമ്പത്തിക മാന്ദ്യ ഭീഷണികൾ എന്നിവയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ തിരഞ്ഞെടുത്തതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.

മറ്റ് പ്രമുഖ കായിക ട്രോഫികളുമായി താരതമ്യം ചെയ്യുമ്പോൾ ഫിഫ ലോകകപ്പ് ട്രോഫി തികച്ചും വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക ട്രോഫികളിൽ പൂർണമായും സ്വർണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഏക ട്രോഫിയെന്ന പ്രത്യേകത ഇതിനുണ്ട്.

യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ട്രോഫികൾ വെള്ളി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവയുടെ ലോഹമൂല്യം യഥാക്രമം 16,950 ഡോളറും 22,600 ഡോളറുമാണ്. അമേരിക്കൻ മോട്ടോർസ്പോർട്സിലെ പ്രശസ്തമായ ഇന്ത്യാനാപൊളിസ് 500 വിജയിക്ക് നൽകുന്ന ബോർഗ്-വാർണർ ട്രോഫി 69 കിലോഗ്രാം വെള്ളികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ലോഹമൂല്യം ഏകദേശം 1.56 ലക്ഷം ഡോളർ മാത്രമാണ്.

അങ്ങനെ നോക്കുമ്പോൾ, സ്വർണമൂല്യത്തിന്റെ കാര്യത്തിൽ ലോകകപ്പ് ട്രോഫിക്ക് സമീപമെത്താൻ പോലും മറ്റൊരു കായിക ട്രോഫിക്കുമാകുന്നില്ല. ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും വലിയ കിരീടം എന്ന ബഹുമതിക്കൊപ്പം, ഏറ്റവും വിലമതിക്കപ്പെടുന്ന കായിക ട്രോഫി എന്ന വിശേഷണവും ഫിഫ ലോകകപ്പ് ട്രോഫി ഇന്നും നിലനിർത്തുകയാണ്.

മറുപടി രേഖപ്പെടുത്തുക