ഊരാളുങ്കലിന് വീണ്ടും ടെൻഡർ ഇളവ്; 46 അക്രഡിറ്റഡ് ഏജൻസികളുടെ അംഗീകാരം പുതുക്കി ധനവകുപ്പ്

സർക്കാർ പദ്ധതികളുടെ കരാറുകൾ ടെൻഡർ നടപടിക്രമങ്ങളിൽ നിന്ന് ഇളവ് നൽകി ഏറ്റെടുക്കാനുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടെയുള്ള അക്രഡിറ്റഡ് ഏജൻസികളുടെ അവകാശം ധനവകുപ്പ് പുതുക്കി നൽകി. യുഡിഎഫ് പ്രതിപക്ഷത്തായിരിക്കെ രൂക്ഷമായി വിമർശിച്ചിരുന്ന സംവിധാനമാണ് പുതിയ സർക്കാരും തുടരുന്നത്.

ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആകെ 46 അക്രഡിറ്റഡ് കരാർ ഏജൻസികൾക്കാണ് അംഗീകാരം പുതുക്കി നൽകിയത്. ഇതിൽ 40 ഏജൻസികളും സർക്കാർ സ്ഥാപനങ്ങളാണ്. സർക്കാർ ഇതര ഏജൻസികളിൽ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, പിണറായി ഇൻഡസ്ട്രിയൽ സൊസൈറ്റി, കോസ്റ്റ്‌ഫോർഡ്, ഹാബിറ്റാറ്റ്, തൃശൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ സൊസൈറ്റി എന്നിവ ഉൾപ്പെടുന്നു.

ഈ ഏജൻസികൾക്കുള്ള രണ്ടുവർഷത്തെ അംഗീകാര കാലാവധി കഴിഞ്ഞ മേയ് 31-ന് അവസാനിച്ചിരുന്നു. തുടർന്ന് നിലവിലെ അംഗീകാരം ഈ മാസം 31 വരെ താൽക്കാലികമായി നീട്ടി നൽകിയിരിക്കുകയാണ്. അടുത്ത രണ്ടുവർഷത്തേക്കുള്ള അംഗീകാരം പുതുക്കുന്നതിന് മുൻപ് സർക്കാർ ഇതര ഏജൻസികളുടെ പ്രവർത്തന മികവും പദ്ധതികളുടെ നിർവഹണവും ധനവകുപ്പ് വിശദമായി വിലയിരുത്തുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക