കുറ്റവാളികളില്ലാതെ പൂട്ടിയ ജയിലുകൾ; വിദേശ തടവുകാർക്കായി ജയിലുകൾ വാടകയ്ക്ക്; നെതർലാൻഡ്‌സിന്റെ നീതിന്യായ മാതൃക ലോകത്തിന് മാതൃക

ലോകത്തിന്റെ പല ഭാഗങ്ങളിലും ജയിലുകൾ നിറഞ്ഞുകവിഞ്ഞ് പുതിയ തടവറകൾ നിർമ്മിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ യൂറോപ്യൻ രാജ്യമായ നെതർലാൻഡ്‌സ് ഇതിന് നേർവിപരീതമായ അനുഭവമാണ് പങ്കുവയ്ക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും പുനരധിവാസത്തിന് മുൻഗണന നൽകുന്ന നീതിന്യായ സമീപനവും കാരണം കഴിഞ്ഞ വർഷങ്ങളിലായി 20-ലധികം ജയിലുകളാണ് അവിടെ അടച്ചുപൂട്ടിയത്.

നെതർലാൻഡ്‌സിന്റെ നീതിന്യായ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത കുറ്റവാളികളെ ശിക്ഷിക്കുക എന്നതിലുപരി സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാൻ തയ്യാറാക്കുക എന്നതാണ്. ഗുരുതരമായ ചില കേസുകളിൽ പ്രതികളെ പ്രത്യേക ചികിത്സയും പുനരധിവാസവും ലഭ്യമാക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. മാനസികാരോഗ്യ ചികിത്സ, കൗൺസിലിംഗ്, തൊഴിൽ പരിശീലനം എന്നിവയിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.

ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ എല്ലാ സാഹചര്യങ്ങളിലും ജയിലിലടയ്ക്കണമെന്ന സമീപനമല്ല ഡച്ച് ഭരണകൂടത്തിനുള്ളത്. ചില കേസുകളിൽ കുറ്റവാളികളുടെ കണങ്കാലിൽ ജിപിഎസ് സംവിധാനമുള്ള ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച് സമൂഹത്തിൽ തന്നെ തുടരാൻ അനുവദിക്കുന്നു.

ഇതിലൂടെ അവർക്ക് ജോലി തുടരാനും കുടുംബത്തോടൊപ്പം കഴിയാനും സാധിക്കും. അതേസമയം, അവരുടെ സഞ്ചാരവും നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്നും അധികൃതർ 24 മണിക്കൂറും നിരീക്ഷിക്കും.

അടച്ചുപൂട്ടിയ ജയിലുകൾ ഉപേക്ഷിക്കാതെ പുതിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലും നെതർലാൻഡ്‌സ് ശ്രദ്ധ ചെലുത്തുന്നു. ചില ജയിലുകൾ താമസസൗകര്യങ്ങളായും സാംസ്കാരിക കേന്ദ്രങ്ങളായും വിനോദസഞ്ചാര കേന്ദ്രങ്ങളായും മാറ്റിയിട്ടുണ്ട്.

റോർമണ്ട് നഗരത്തിലെ പഴയ ജയിൽ ഇന്ന് ‘ഹെറ്റ് അറസ്‌ഥുയിസ്’ എന്ന പഞ്ച നക്ഷത്ര ഹോട്ടലായി മാറിയിട്ടുണ്ട്. ഒരുകാലത്ത് തടവുകാർ കഴിഞ്ഞിരുന്ന സെല്ലുകൾ ഇന്ന് ആഡംബര മുറികളായി വിനോദസഞ്ചാരികളെ സ്വീകരിക്കുകയാണ്.

ഒരു തടവുകാരനെ ജയിലിൽ പാർപ്പിക്കാൻ നെതർലാൻഡ്‌സ് സർക്കാരിന് പ്രതിദിനം ശരാശരി 250 യൂറോ വരെ ചെലവാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയിലുകളുടെ എണ്ണം കുറഞ്ഞതോടെ സർക്കാരിന് പ്രതിവർഷം കോടിക്കണക്കിന് യൂറോ ലാഭിക്കാനാകുന്നുണ്ട്. ഈ തുക വിദ്യാഭ്യാസം, ആരോഗ്യം, പൊതുസുരക്ഷ തുടങ്ങിയ മേഖലകളിലേക്ക് വിനിയോഗിക്കുന്നു.

വിദേശ തടവുകാർക്കായി ജയിലുകൾ വാടകയ്ക്ക്

ജയിലുകൾ അടച്ചതോടെ ജയിൽ ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കേണ്ട വെല്ലുവിളിയും ഉയർന്നു. ഇതിന് പരിഹാരമായി നെതർലാൻഡ്‌സ് നോർവേ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുമായി കരാറുകൾ ഉണ്ടാക്കി.

ഈ കരാറുകളുടെ ഭാഗമായി തടവുകാരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങൾ നെതർലാൻഡ്‌സിലെ ജയിലുകൾ വാടകയ്ക്ക് ഉപയോഗിക്കുന്നു. ഇതിലൂടെ ഒരു വശത്ത് ജയിൽ ജീവനക്കാരുടെ തൊഴിൽ നിലനിർത്താനും മറുവശത്ത് സർക്കാരിന് അധിക വരുമാനം നേടാനും സാധിക്കുന്നു.

കുറ്റകൃത്യങ്ങളെ കർശന ശിക്ഷയിലൂടെ മാത്രം നേരിടുന്നതല്ല, പുനരധിവാസം, സാമൂഹിക പുനഃസംയോജനം, ആധുനിക നിരീക്ഷണ സംവിധാനം എന്നിവയിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാമെന്ന മാതൃകയാണ് നെതർലാൻഡ്‌സ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക