ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷവും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പുതിയ നടപടി.
കേസിൽ രാജൻ ജോസഫിനെ ഒന്നാം പ്രതിയായും സിബി തോമസിനെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസ് എടുത്തത്.
തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന തരത്തിൽ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്ന്, മലപ്പുറം സ്വദേശിയായ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയിരുന്ന രാജൻ ജോസഫിനെ ഈ മാസം 11-ന് രാത്രിയാണ് പൊലീസ് പിടികൂടിയത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമുള്ള പുതിയ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോൾ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
