കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് മുൻപേ ഡൽഹിയിൽ സംഘർഷാവസ്ഥ. ജന്തർ മന്തറിൽ പ്രതിഷേധത്തിനായി തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകരെ പിരിച്ചുവിടാൻ ഡൽഹി പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
പാർലമെന്റ് മാർച്ചിനായി മുന്നേറുന്നതിനിടെ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നതിനാൽ മാർച്ച് അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും പ്രതിപക്ഷ എംപിമാർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് നേരെ മുന്നേറിയതായി റിപ്പോർട്ടുകളുണ്ട്. ഇവരെ തടയാൻ അർധസൈനിക വിഭാഗവും പൊലീസും ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ വഷളായി. തുടർന്ന് പ്രതിഷേധക്കാർക്കും പൊലീസിനും ഇടയിൽ ഏറ്റുമുട്ടൽ ഉണ്ടായി.
സംഘർഷത്തിനിടെ ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും വനിതാ പ്രതിഷേധക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരം. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലേറ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
കല്ലേറിനിടെ ഒരു മലയാളി മാധ്യമപ്രവർത്തകനും പരിക്കേറ്റു. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമീപത്തെ ചില മെട്രോ സ്റ്റേഷനുകൾ താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് സേവനങ്ങളും താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
