പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് പിന്നീട് വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തി.
പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. കോൺഗ്രസ് എംപി ശശി തരൂരും പൊലീസ് സ്റ്റേഷനിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
വിട്ടയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച പ്രിയങ്ക ഗാന്ധി, “രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാകില്ല. സമരത്തിൽ നിന്ന് കോൺഗ്രസ് ഒരിക്കലും പിന്നോട്ടില്ല” എന്ന് വ്യക്തമാക്കി. രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം തുടരുമെന്നും അവർ പറഞ്ഞു.
നീറ്റ് വിഷയവും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധം തടയാൻ ശ്രമിച്ച ഡൽഹി പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അറസ്റ്റിനിടെ രാഹുൽ ഗാന്ധിയെ ബലമായി വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. ഈ നടപടിക്കിടെ അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേറ്റതായും കോൺഗ്രസ് ആരോപിച്ചു. സമരം അവസാനിപ്പിക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ട് എത്തി ചർച്ച നടത്തിയെങ്കിലും കോൺഗ്രസ് നേതൃത്വം നിലപാടിൽ നിന്ന് പിന്മാറിയില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാത്തതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
