പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു: നിതിൻ നബിൻ

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ പ്രതിപക്ഷത്തായിരുന്ന കാലഘട്ടത്തിലും ഇത്തരം പ്രതിഷേധ രീതികൾ സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി അരാജക രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറുകയാണെന്നും നിതിൻ നബിൻ വിമർശിച്ചു. പ്രതിഷേധത്തിന്റെ പേരിൽ ഭരണഘടനാപരമായ മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നാണ് ബിജെപിയുടെ നിലപാട്.

ഇതിനിടെ, പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞ സംഭവത്തിൽ ഇന്ന് പാർലമെന്റിൽ ശക്തമായ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. പൊലീസ് നടപടിയെ അതിക്രമമായി വിശേഷിപ്പിക്കുന്ന കോൺഗ്രസ്, വിഷയത്തിൽ സഭയിൽ വിശദമായ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ കക്ഷികൾ വിഷയം ഉയർത്താനാണ് തീരുമാനം.

അതേസമയം, ചർച്ചയ്ക്ക് തയ്യാറായിരിക്കെ കോൺഗ്രസ് പ്രതിഷേധം മനഃപൂർവം വഷളാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിഷേധത്തിനിടെ നേതാക്കളെ പൊലീസ് ബലമായി നീക്കിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദവും ശക്തമായിരിക്കുകയാണ്. പാർലമെന്റിൽ ഇക്കാര്യത്തിൽ ഇന്ന് ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ കൂടുതൽ കടുക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക