എൽഡിഎഫിനെ വിമർശിച്ച യുഡിഎഫ് സർക്കാരും വായ്പാമാർഗത്തിൽ; രണ്ട് മാസത്തിൽ കടമെടുത്തത് 10,400 കോടി

പ്രതിപക്ഷത്തിരുന്ന കാലത്ത് എൽഡിഎഫ് സർക്കാരിന്റെ കടമെടുപ്പ് നയത്തെ ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷവും പൊതുവിപണിയിൽ നിന്നുള്ള വായ്പയെ ആശ്രയിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ അധികാരമേറ്റതിന് ശേഷം വെറും രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് പൊതുവിപണിയിൽ നിന്ന് സമാഹരിച്ചത്.

പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം വലിയ തോതിൽ വർധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന വിമർശനം. അധികാരമേറ്റ് പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ച് സർക്കാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ കടമെടുപ്പ് കണക്കുകൾ പരിശോധിക്കുമ്പോൾ സാമ്പത്തിക നയത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന വിമർശനമാണ് ഉയരുന്നത്.

പുതിയ സർക്കാർ ആദ്യമായി പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത് മേയ് 26-നാണ്. തുടർന്ന് ജൂലൈ 21-ന് സമാഹരിച്ച 2,200 കോടി രൂപ ഉൾപ്പെടെ അഞ്ച് ഘട്ടങ്ങളിലായി ആകെ 10,400 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന വായ്പാ പരിധി 23,000 കോടി രൂപയാണ്. അതിൽ ഏകദേശം പകുതിയോളം തുക രണ്ട് മാസത്തിനുള്ളിൽ തന്നെ വിനിയോഗിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനുമാണ് തുടർച്ചയായ വായ്പയെടുപ്പെന്നാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം, പുതിയ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതോടെ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും വർധിച്ചിട്ടുണ്ട്.

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപരിപാടികൾക്കായി അധിക ചെലവ് വരുന്നതും സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിന് പുറമെ ഓണം മുന്നോടിയായുള്ള ബോണസ് വിതരണം, ക്ഷേമപെൻഷൻ കുടിശ്ശിക, മറ്റ് ഉത്സവകാല ചെലവുകൾ എന്നിവയ്ക്കായി വരും മാസങ്ങളിൽ വലിയ തുക കണ്ടെത്തേണ്ട സാഹചര്യം നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പൊതുവായ്പ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കടമെടുപ്പിലൂടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് തുടർന്നാൽ, വരും വർഷങ്ങളിൽ കടബാധ്യതയും പലിശച്ചെലവും കൂടുതൽ വർധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക