കേൾക്കപ്പെടണമെന്ന് ആവശ്യപ്പെടുന്ന യുവജനങ്ങളുടെ ശബ്ദങ്ങളെ അവഗണിക്കാനാവില്ല; നീറ്റ് വിവാദത്തിൽ പ്രതികരണവുമായി കരീന കപൂർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂർ ഖാൻ. വിദ്യാർത്ഥികളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്നും അവരുടെ ശബ്ദം കേൾക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കരീന വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസം കുട്ടികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്നും, എന്നാൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അവർ കുറിച്ചു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഈ വിഷയത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എന്നാൽ ഇനി മൗനം പാലിക്കാൻ കഴിയില്ല. കേൾക്കപ്പെടണമെന്ന് ആവശ്യപ്പെടുന്ന യുവജനങ്ങളുടെ ശബ്ദങ്ങളെ അവഗണിക്കാനാവില്ല. വിദ്യാഭ്യാസം കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ സത്യസന്ധതയും കഠിനാധ്വാനവും യോഗ്യതയും വിലമതിക്കപ്പെടുന്നില്ലെന്ന് അവർ കരുതുന്ന നിമിഷം ആ വിശ്വാസം നഷ്ടപ്പെടും,” കരീന കുറിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം രാജ്യത്തെ അക്കാദമിക് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം തുടരുകയാണ്. ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കും വിഷയത്തിൽ അനിശ്ചിതകാല സമരവുമായി രംഗത്തുണ്ട്.

വിദ്യാർത്ഥികൾക്ക് വിശ്വസിക്കാനാകുന്ന ഒരു പരീക്ഷാ സംവിധാനമാണ് രാജ്യത്തിന് ആവശ്യമെന്ന് കരീന ചൂണ്ടിക്കാട്ടി. “ഒരു കുട്ടിയും തന്റെ കഠിനാധ്വാനം മതിയാകുമോ എന്ന് സംശയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. യോഗ്യതയ്ക്ക് വില ലഭിക്കുകയും പരിശ്രമത്തിന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന ഒരു സംവിധാനം അവർ അർഹിക്കുന്നു. ഒരു തലമുറ മുഴുവൻ സ്വന്തം ഭാവിയെക്കുറിച്ച് ഒരേ സ്വരത്തിൽ സംസാരിക്കുമ്പോൾ അത് കേൾക്കുന്നത് മര്യാദ മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തവുമാണ്,” താരം പറഞ്ഞു.

വിദ്യാർത്ഥികൾ നാളെയുടെ ഇന്ത്യയല്ല, അവർ ഇന്നത്തെ ഇന്ത്യയുടെ ഭാഗമാണെന്നും അതിനാൽ അവരുടെ ആശങ്കകളോട് അടിയന്തരമായി പ്രതികരിക്കേണ്ടതുണ്ടെന്നും കരീന കപൂർ ഖാൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക