ഡ്രോണുകളിൽ ചൈനീസ് ഘടകങ്ങളുണ്ടോ; പരിശോധന ശക്തമാക്കാൻ ലാബുകളുമായി ഇന്ത്യൻ സൈന്യം

സൈനിക ഡ്രോണുകളിലെ വിദേശ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറും ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ പരിശോധിക്കാൻ രാജ്യത്തുടനീളം ആറ് AASHVAST ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം. ഡൽഹിയിൽ ആദ്യ ലാബ് ഇതിനകം പ്രവർത്തനം ആരംഭിച്ചു. അടുത്ത മാസങ്ങളിൽ അഞ്ച് ലാബുകൾ കൂടി സ്ഥാപിക്കാനാണ് പദ്ധതി.

സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളുടെ ഹാർഡ്‌വെയർ, ഫേംവെയർ, എംബഡഡ് സോഫ്റ്റ്‌വെയർ, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ ലാബുകളിൽ പരിശോധിക്കും. മറഞ്ഞിരിക്കുന്ന കോഡുകൾ, അനധികൃത ആക്‌സസ്, എൻക്രിപ്ഷൻ കീകൾ, റിമോട്ട് കമാൻഡ് സംവിധാനങ്ങൾ തുടങ്ങിയ സുരക്ഷാ വീഴ്ചകളും കണ്ടെത്തുകയാണ് ലക്ഷ്യം.

ചൈനീസ് നിർമ്മിത ഘടകങ്ങളുടെ ഉപയോഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഭാവിയിൽ സൈന്യം വാങ്ങുന്ന സിസിടിവി ക്യാമറകളും മറ്റ് നിരീക്ഷണ ഉപകരണങ്ങളും AASHVAST ലാബുകളിൽ പരിശോധിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഏകദേശം 14 തരത്തിലുള്ള സുരക്ഷാ ബലഹീനതകൾ കണ്ടെത്താൻ സംവിധാനത്തിന് കഴിയുമെന്നാണ് റിപ്പോർട്ട്. ഉപകരണത്തിന്റെ യഥാർത്ഥ നിർമ്മാണ ഉറവിടം, ഹാർഡ്‌വെയർ, ഫേംവെയർ എന്നിവ പരിശോധിക്കുന്നതിലൂടെ വിതരണശൃംഖലയിലെ സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക