സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് രാജിവച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും രാഷ്ട്രീയ പ്രവർത്തകനുമായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഒഴിയുന്നതെന്ന് അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു. രാജിയുമായി ബന്ധപ്പെട്ട് ടിഎംസി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2016-ൽ ബിജെപിയിൽ ചേർന്ന ചന്ദ്രകുമാർ ബോസ്, അതേ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. പശ്ചിമ ബംഗാൾ ബിജെപിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. എന്നാൽ നേതാജിയുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 2023-ൽ അദ്ദേഹം പാർട്ടി വിട്ടിരുന്നു.

തുടർന്ന് 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ ചേർന്നതിന് പിന്നാലെ തന്നെ രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ബിജെപിയിൽ നിന്നുള്ള പിന്മാറ്റത്തിനുശേഷം ചന്ദ്രകുമാർ ബോസിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വിവിധ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ടിഎംസിയിൽ നിന്നുള്ള രാജിയോടെ അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയും ശക്തമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക