നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകളും നിർമാതാവുമായ സൗന്ദര്യ രജനീകാന്ത് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവരുടെ ശബ്ദങ്ങൾ സഹാനുഭൂതിയോടെയും അന്തസ്സോടെയും ബഹുമാനത്തോടെയും കേൾക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് സൗന്ദര്യ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചത്. “ഇന്ത്യയിലെ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിദ്യാർഥികൾ നമ്മുടെ ഭാവിയാണ്. അവരുടെ ശബ്ദങ്ങൾ സഹാനുഭൂതിയോടെയും അന്തസ്സോടെയും ബഹുമാനത്തോടെയും കേൾക്കാൻ അവർ അർഹരാണ്,” എന്നാണ് അവർ കുറിച്ചത്.
ഓരോ വിദ്യാർഥിക്കും ആത്മവിശ്വാസവും നീതിയും പ്രതീക്ഷയും വളർത്തുന്ന ഒരു വിദ്യാഭ്യാസ സംവിധാനമാണ് ലഭിക്കേണ്ടതെന്നും അത്തരമൊരു ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും സൗന്ദര്യ രജനീകാന്ത് തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെയാണ് അവരുടെ പ്രതികരണം ശ്രദ്ധേയമായത്.
