ഇന്ത്യയിൽ ആഷസ് ടെസ്റ്റ്? ചരിത്രനീക്കത്തിന് സൂചന നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നായ ഓസ്ട്രേലിയ–ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ മത്സരം ഇന്ത്യയിൽ നടത്താനുള്ള സാധ്യത തുറന്നിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസ് പോരാട്ടത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന പ്രത്യേക ടെസ്റ്റ് ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള ആശയം തള്ളിക്കളയാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബർഗ് വ്യക്തമാക്കി.

ആഷസിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മാർച്ചിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ പ്രത്യേക ടെസ്റ്റ് മത്സരം നടത്താൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. നിലവിൽ മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള തീരുമാനമില്ലെങ്കിലും, ഇന്ത്യയെ വേദിയാക്കുന്ന സാധ്യത ഭാവിയിൽ ഗൗരവമായി പരിഗണിക്കാവുന്നതാണെന്നാണ് ഗ്രീൻബർഗിന്റെ പ്രതികരണം.

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും ഈ ആലോചനയ്ക്ക് പിന്നിലുണ്ട്. ഇന്ത്യൻ ആരാധകരുടെ വലിയ പിന്തുണയും വിപുലമായ ക്രിക്കറ്റ് വിപണിയും മുൻനിർത്തിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സാധ്യതകൾ പരിശോധിക്കുന്നത്.

ഇതിനിടെ, ഈ വർഷം ഡിസംബറിൽ ഓസ്ട്രേലിയയുടെ ആഭ്യന്തര ട്വന്റി-20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിലെ ഒരു മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ധാരണയായിട്ടുണ്ട്. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിലുള്ള മത്സരമാണ് ഇന്ത്യയിൽ നടക്കുക. ഇന്ത്യൻ ആരാധകരുമായി ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മത്സരവും വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക