സമരത്തിന്റെ ശക്തിക്ക് മുന്നിൽ കേന്ദ്രമന്ത്രി പിന്മാറി; യുവജന പ്രക്ഷോഭം ചരിത്രമെഴുതിയെന്ന് എം.വി. ഗോവിന്ദൻ

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ശക്തിക്ക് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്നത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമർത്താനും സമരക്കാരെ ജയിലിലടക്കാനും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം ശ്രമിച്ചെങ്കിലും, അതിനെ മറികടന്ന് ഇന്ത്യയിലെ യുവജനത പുതിയ ചരിത്രമാണ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വ്യാപക പിന്തുണയോടെയാണ് പ്രക്ഷോഭം മുന്നേറിയതെന്നും, ആദ്യം സമരത്തോട് അകലം പാലിച്ചിരുന്ന കോൺഗ്രസിന് പോലും ഒടുവിൽ നിലപാട് മാറ്റേണ്ടി വന്നുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് സി.പി.ഐ.എമ്മിന് യാതൊരു ആശങ്കയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങൾ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്കും ജനാധിപത്യപരമായ എല്ലാ സമരങ്ങൾക്കും വരും ദിവസങ്ങളിലും സി.പി.ഐ.എമ്മിന്റെ പൂർണ പിന്തുണ തുടരുമെന്നും വിഷയത്തിൽ പാർട്ടിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക