പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.

സിപിഐ എം അംഗം ജോൺ ബ്രിട്ടാസാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഐഷി ഘോഷിനെതിരെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. 2020-21 കാലത്തെ കേസുകൾ ചൂണ്ടിക്കാട്ടി ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ മുൻകൂർ അറിയിപ്പില്ലാതെ പൊലീസ് പ്രവേശിച്ചത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം വേണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പൊലീസ് നടപടിയെ വിമർശിച്ചു. ഒരു രാഷ്ട്രീയ പാർട്ടി ഓഫീസിലെത്തി നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് അപലപനീയമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ, താനും ഒരുകാലത്ത് വിദ്യാർഥി നേതാവായിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്ത് നിരവധി തവണ അറസ്റ്റിലായിട്ടുണ്ടെന്നും പറഞ്ഞു. നിയമം നടപ്പാക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ബഹളം തുടർന്നതോടെ രാജ്യസഭാ അധ്യക്ഷൻ സഭ ഉച്ചവരെ പിരിച്ചുവിട്ടു.

മറുപടി രേഖപ്പെടുത്തുക