ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തിയ സംഭവം ; നിർണായകമായത് ട്രെയിൻ യാത്ര പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ 25കാരനായ യുവാവിനൊപ്പം മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ആലുവ റൂറൽ എസ്.പി. സുദർശനൻ എസ്. ട്രെയിനുകൾ മാറിമാറി യാത്ര ചെയ്ത ഇരുവരെയും സാങ്കേതിക സംവിധാനങ്ങളുടെയും കൃത്യമായ വിവരശേഖരണത്തിന്റെയും സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്.

ജൂലൈ 25-നാണ് പെൺകുട്ടിയെ കാണാതായത്. സഹപാഠിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി തിരിച്ചെത്താതിരുന്നതോടെ രാത്രി എട്ടരയോടെയാണ് വീട്ടുകാർ ആശങ്കപ്പെടുന്നത്. തുടർന്ന് രാത്രി പത്ത് മണിയോടെ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തു.

പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വലിയമ്മയുടെ മൊബൈൽ ഫോണും കൈവശം എടുത്തിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നതിനാൽ തുടക്കത്തിൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.

തുടർന്ന് സഹപാഠികളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക സൂചന ലഭിച്ചത്. പെൺകുട്ടിക്ക് ഒരു യുവാവുമായി പരിചയമുണ്ടെന്ന വിവരം ലഭിച്ചതോടെ സഹപാഠി കാണിച്ച ഇൻസ്റ്റഗ്രാം ചിത്രത്തിലൂടെ അന്വേഷണം വഴിത്തിരിവിലെത്തി.

ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ ക്ലാപ്പന സ്വദേശിയായ 25കാരൻ അഭിജിത്താണ് പെൺകുട്ടിക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുടുംബത്തിൽ നിന്ന് അകന്നു താമസിച്ചിരുന്ന ഇയാൾ മുനമ്പം മേഖലയിൽ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന സമയത്താണ് പെൺകുട്ടിയുമായി പരിചയത്തിലായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അഭിജിത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചും മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓൺ ആയ സമയങ്ങളിൽ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചും ലൊക്കേഷൻ ട്രാക്ക് ചെയ്തു. ഇതിലൂടെ ആദ്യം കാസർകോട്, തുടർന്ന് മംഗളൂരു, പിന്നീട് മുംബൈ എന്നിവിടങ്ങളിലായി ഇരുവരും സഞ്ചരിച്ചതായി വ്യക്തമായി.

മുംബൈയിലെ താനെ, അന്ധേരി, ധാരാവി മേഖലകളിൽ ഫോൺ സിഗ്നൽ ലഭിച്ചതോടെ കേരള പൊലീസ് മുംബൈ പൊലീസുമായി ബന്ധപ്പെട്ടു. പ്രതിയുടെയും കുട്ടിയുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ ക്രൈം കാർഡുകൾ തയ്യാറാക്കി കൈമാറുകയും സംയുക്ത അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ ഇരുവരും വീണ്ടും ട്രെയിനിൽ യാത്ര തുടരുകയാണെന്ന് ലൊക്കേഷൻ വിവരങ്ങളിൽ നിന്ന് വ്യക്തമായി. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിലാണ് ഇവർ സഞ്ചരിക്കുന്നതെന്ന് കണ്ടെത്തിയ പൊലീസ് ‘Where Is My Train’ ആപ്പിന്റെ സഹായത്തോടെ ട്രെയിനിന്റെ തത്സമയ സ്ഥാനം നിരീക്ഷിച്ചു.

ട്രെയിൻ പൂനെയിൽ എത്തിയപ്പോൾ ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെയും അഭിജിത്തിനെയും പൊലീസ് കണ്ടെത്തിയത്. ആലുവ ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ സമയോചിത ഇടപെടലും സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗവുമാണ് കേസിൽ നിർണായകമായതെന്ന് ആലുവ റൂറൽ എസ്.പി. സുദർശനൻ എസ്. വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക