എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പട്യാല ഹൗസ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അതേസമയം, അടുത്ത ഹിയറിംഗിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഐഷി ഘോഷിനോട് കോടതി നിർദേശിച്ചു.
2021ൽ ഡൽഹിയിലെ ബംഗ്ളാ ഭവന് മുന്നിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെതിരെ നേരത്തെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഈ കേസിൽ ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നു.
തുടർന്നാണ് അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരു തവണ ഒഴികെ എല്ലാ ഹിയറിംഗുകളിലും ഹാജരായിട്ടുണ്ടെന്ന് ഐഷിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് ഒരു ഹിയറിംഗിൽ മാത്രമാണ് ഹാജരാകാൻ കഴിയാതിരുന്നതെന്നും, അതിനാൽ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
ഇതിനിടെ, സിപിഎമ്മിന്റെ ഡൽഹിയിലെ കേന്ദ്ര ആസ്ഥാനമായ എകെജി ഭവനിൽ പ്രവേശിച്ച് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ നീക്കം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
അടുത്തിടെ നീറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിലും ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവോടെ കേസിലെ തുടർനടപടികൾ അടുത്ത ഹിയറിംഗിലേക്ക് മാറ്റിയിരിക്കുകയാണ്.
