കനത്ത മഴ: ദുരന്തനിവാരണത്തിന് സർക്കാർ സജ്ജം; എൻഡിആർഎഫ്, പൊലീസ് രംഗത്ത്, പുനരധിവാസം വേഗത്തിലാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എൻഡിആർഎഫ്, പൊലീസ് ഉൾപ്പെടെയുള്ള സേനകൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ മന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതികൾ രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയും മണ്ണിടിച്ചിലും മൂലം അപകടസാധ്യത നേരിടുന്ന മേഖലകളിൽ പ്രത്യേക ജാഗ്രത തുടരുന്നുണ്ടെന്നും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക