കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി വാർഷിക കണക്കുകൾ. 2025-26 സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനവും ലാഭവും വർധിച്ചതോടെ കമ്പനിയുടെ നഷ്ടം ഗണ്യമായി കുറഞ്ഞു.
2024-25 സാമ്പത്തിക വർഷത്തിൽ 430.50 കോടി രൂപയായിരുന്ന നഷ്ടം 2025-26ൽ 352.49 കോടി രൂപയായി കുറഞ്ഞു. അതേസമയം, 52.64 കോടി രൂപയുടെ പ്രവർത്തനലാഭം നേടി തുടർച്ചയായ നാലാം വർഷവും കൊച്ചി മെട്രോ പ്രവർത്തന ലാഭം രേഖപ്പെടുത്തി.
യാത്രക്കാരുടെ എണ്ണത്തിലും ചരിത്ര നേട്ടമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. 2025-26ൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശരാശരി യാത്രക്കാരുടെ എണ്ണമാണിത്.
യാത്രക്കാരുടെ വർധനവോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയർന്നു. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ചുള്ള സേവനങ്ങൾ മെച്ചപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ടിക്കറ്റ് വരുമാനത്തിന് പുറമെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിലും കൊച്ചി മെട്രോ ശ്രദ്ധേയ മുന്നേറ്റമാണ് നടത്തിയത്. 2025-26 സാമ്പത്തിക വർഷത്തിലെ ആകെ പ്രവർത്തന വരുമാനമായ 224.65 കോടി രൂപയിൽ 76.33 കോടി രൂപ സ്റ്റേഷൻ വാണിജ്യവൽക്കരണം, പരസ്യ വരുമാനം, മറ്റ് നൂതന വരുമാന മാർഗങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി പൂർത്തിയായി കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഐടി മേഖലയിലെ ജീവനക്കാരുടെ വലിയ പങ്കാളിത്തം ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
