പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം വിടും: കെ. രാജൻ

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജൻ എംഎൽഎ. എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഒരു രൂപയെങ്കിലും സ്വീകരിച്ചതായി തെളിയിച്ചാൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

എഐഎസ്എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. രാജൻ. സർവശിക്ഷ കേരളയ്ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ ധനസഹായം ലഭിക്കാനുള്ള ഏക മാർഗം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടലാണെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിൽ, അതിന് വഴങ്ങി കേന്ദ്രത്തിന് മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന സമീപനത്തെ എഐഎസ്എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ബോധ്യപ്പെടുത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രത്തിൽ നിന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും കരാറിൽ ഒപ്പിടാൻ നിർദേശിച്ചത് ആരാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് കെ. രാജൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരിനോട് കടുത്ത വിധേയത്വമാണ് പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാർലമെന്റിൽ എംപി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ പദ്ധതിയുമായി ബന്ധപ്പെട്ട ധനസഹായം മാത്രമാണ് നഷ്ടമാകുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കിയിരുന്നുവെന്ന് കെ. രാജൻ ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി മുസ്ലിം ലീഗ് മന്ത്രിമാരെ ഉപയോഗിച്ച് സംസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക