രാത്രി 11ന് അവധി പ്രഖ്യാപനം; എറണാകുളം കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വിമർശന കമന്റുകൾ

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിന്റെ സമയത്തെ ചൊല്ലി ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ വിമർശന കമന്റുകൾ നിറയുന്നു. മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ, എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് അവധിയറിയിപ്പ് പുറത്തുവന്നത്.

“കുട്ടികൾ ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതല്ലേ?” എന്ന ചോദ്യമാണ് നിരവധി പേർ ഉയർത്തിയത്. രാത്രി വൈകിയുള്ള പ്രഖ്യാപനം മാതാപിതാക്കളെയും വിദ്യാർഥികളെയും ആശയക്കുഴപ്പത്തിലാക്കിയെന്നാണ് പലരുടെയും പ്രതികരണം.

“ഇതൊക്കെ പിള്ളേർ ഉറങ്ങുന്നതിന് മുൻപ് പ്രഖ്യാപിക്കണ്ടേ? ഇതിപ്പോ പ്രധാനമന്ത്രി രാത്രി ലൈവിൽ വരുന്ന പോലെ ആയല്ലോ” എന്ന തരത്തിലുള്ള പരിഹാസ കമന്റുകളും പേജിൽ പ്രത്യക്ഷപ്പെട്ടു. അതേസമയം, അവധി പ്രഖ്യാപിച്ച കലക്ടറോട് നന്ദി അറിയിച്ചും ദീർഘായുസും ആരോഗ്യവും ആശംസിച്ചും ചിലർ രംഗത്തെത്തി.

അവധി പ്രഖ്യാപനങ്ങൾ സംബന്ധിച്ച് നേരത്തേ തീരുമാനമെടുക്കാനുള്ള സെൻസും സെൻസിബിലിറ്റിയും അധികൃതർ കാണിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ യാത്ര, ഭക്ഷണം, മറ്റു ദിനചര്യകൾ എന്നിവ ക്രമീകരിക്കാൻ മാതാപിതാക്കൾക്ക് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടെന്നും അതിനാൽ അവധി പ്രഖ്യാപനം കൂടുതൽ നേരത്തേ നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു.

കലക്ടറുടെ ഔദ്യോഗിക പേജിൽ വന്ന കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക