ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി യൂലിയ മെൻഡൽ. ഉക്രെയ്നിന്റെ ഏറ്റവും വലിയ പ്രശ്നവും റഷ്യയുമായുള്ള സംഘർഷത്തിന്റെ പ്രധാന ഗുണഭോക്താവുമായി വ്ളാഡിമിർ സെലെൻസ്കി മാറിയെന്നും തെരഞ്ഞെടുപ്പുകൾ നടത്താതെ അധികാരത്തിൽ തുടരുകയാണെന്നും അവർ ആരോപിച്ചു.
2019 മുതൽ 2021 വരെ സെലൻസ്കിയുടെ വക്താവായിരുന്ന മെൻഡൽ, ഫ്രഞ്ച് മാധ്യമമായ Le Journal du Dimanche-ന് നൽകിയ അഭിമുഖത്തിലാണ് വിമർശനം ഉന്നയിച്ചത്. യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിലൂടെ സെലൻസ്കി അധികാരത്തിൽ തുടരുകയാണെന്നും അദ്ദേഹം രാജ്യത്തിന്റെ പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു.
പ്രസിഡന്റിന്റെ അടുത്ത വൃത്തത്തിലെ ചിലർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിലും മെൻഡൽ പ്രതികരിച്ചു. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ സെലൻസ്കിയുടെ അടുത്ത അനുയായികൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇത്തരം വിഷയങ്ങളിൽ പ്രസിഡന്റിന് അറിവില്ലായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, യുദ്ധകാലത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ലെന്ന നിലപാടിലാണ് ഉക്രെയ്ൻ സർക്കാർ. സെലൻസ്കിക്കെതിരായ മെൻഡലിന്റെ ആരോപണങ്ങൾ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
