പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയെ കുറിച്ച് ഗതാഗത മന്ത്രി സി പി ജോൺ നടത്തിയ വിവാദ പരാമർശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. സ്ത്രീകൾ ബസുകളിൽ “തള്ളിക്കയറുന്നു” എന്ന മന്ത്രിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
സ്ത്രീകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പദ്ധതിക്കെതിരെ ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്ന് ചൂണ്ടിക്കാട്ടിയ ആനി രാജ, സൗജന്യ യാത്ര സർക്കാർ നൽകുന്ന ഔദാര്യമോ ഭിക്ഷയോ അല്ലെന്ന് വ്യക്തമാക്കി. ജനങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും, പദ്ധതി പ്രഖ്യാപിക്കുമ്പോൾ വരുമാന അടിസ്ഥാനത്തിലുള്ള യാതൊരു നിയന്ത്രണവും മുന്നോട്ടുവെച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് മുൻകൂട്ടി കൃത്യമായ പഠനം നടത്താത്തതിന്റെ തെളിവാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ആനി രാജ വിമർശിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് “ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ ഫീസ് വാങ്ങുന്ന സ്കൂളുകളിലേക്ക് അയക്കുന്നു” എന്ന അടക്കമുള്ള പരാമർശങ്ങൾ മന്ത്രി നടത്തിയത്.
അതേസമയം, നടി തൃഷയെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശത്തെയും ആനി രാജ ശക്തമായി അപലപിച്ചു. ദ്വയാർഥ പ്രയോഗങ്ങളും സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് അവർ പറഞ്ഞു.
ജനപ്രതിനിധികളിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് ഗൗരവമുള്ള വിഷയമാണെന്നും, രാജ്യത്തെ ഓരോ വ്യക്തിക്കും അന്തസ്സോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തുടർന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.
