വാഹന മോഡിഫിക്കേഷൻ; സംസ്ഥാനങ്ങൾക്ക് അധികാരമില്ല; കേന്ദ്രനിയമങ്ങൾ പാലിക്കണമെന്ന് നിതിൻ ഗഡ്കരി

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച കർശന നിയമങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ആവർത്തിച്ച് അറിയിച്ചുവരികയാണെന്നും, ഇത്തരം മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ് മാത്രമുള്ളതെന്നും ഗഡ്കരി വ്യക്തമാക്കി. എന്നാൽ പൊതുജന സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്കോ അവർ ചുമതലപ്പെടുത്തുന്ന അധികാരികൾക്കോ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, വാഹന നിർമ്മാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങളിൽ മാറ്റം വരുത്താൻ പാടില്ല. വാഹനത്തിൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് രജിസ്ട്രേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, മാറ്റങ്ങൾ നടത്തിയ ശേഷം 14 ദിവസത്തിനകം അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക