വൈറ്റ് ഹൗസിൽ നിർമിച്ചുവരുന്ന സൈനിക-സുരക്ഷാ സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിക്കെതിരായ കോടതി ഇടപെടൽ അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് പ്രതികരിച്ചത്. വിധിയുടെ പ്രാബല്യം താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, വിഷയം ഉടൻ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ വിയോജിപ്പ് രേഖപ്പെടുത്തിയ അപ്പീൽ കോടതി ജഡ്ജി നിയോമി റാവുവിന്റെ അഭിപ്രായവും ട്രംപ് ഉദ്ധരിച്ചു. നിർമ്മാണം തടയാൻ ഹർജിക്കാരന് നിയമപരമായ അവകാശമില്ലെന്നും അതിനാൽ കീഴ്‌ക്കോടതിക്ക് വിഷയത്തിൽ ഇടപെടാൻ അധികാരപരിധിയില്ലെന്നും റാവു അഭിപ്രായപ്പെട്ടു. സർക്കാർ ഉന്നയിച്ച ദേശീയ സുരക്ഷാ ആശങ്കകളെ അവഗണിച്ചാണ് കോടതി ഉത്തരവെന്ന് അവർ വിമർശിച്ചു.
വൈറ്റ് ഹൗസിലെയും രാജ്യത്തിന്റെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായാണ് സമുച്ചയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ബോംബ് ഷെൽട്ടറുകൾ, ആശുപത്രി സൗകര്യങ്ങൾ, അതീവ രഹസ്യ സൈനിക സംവിധാനങ്ങൾ, മിസൈൽ പ്രതിരോധ ശേഷിയുള്ള ഘടനകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, സ്ഫോടനങ്ങളെയും ബാലിസ്റ്റിക് ആക്രമണങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പീൽ കോടതി വിധിയെ രാഷ്ട്രീയ പ്രേരിതവും നിയമപരിധി ലംഘിച്ചതുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കോടതിയുടെ ഇടപെടൽ ആശങ്കാജനകമാണെന്നും അദ്ദേഹം ആരോപിച്ചു.
