ലോക അണ്ടർ-20 അത്‌ലറ്റിക്സ്: ഹൈജമ്പ് ഫൈനലിൽ പ്രവേശിച്ച് പൂജ

ഒറിഗോണിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതാ ഹൈജമ്പിൽ ദേശീയ റെക്കോർഡ് ഉടമയായ പൂജ ഫൈനലിലേക്ക് യോഗ്യത നേടി. 1.79 മീറ്റർ ചാടിയാണ് പൂജ അവസാന 12 താരങ്ങളിൽ ഇടം നേടിയത്.

ഫൈനലിലേക്കുള്ള നേരിട്ടുള്ള യോഗ്യതാ ഉയരമായ 1.84 മീറ്റർ ഒരു താരത്തിനും മറികടക്കാനായില്ല. ഇതോടെയാണ് 1.79 മീറ്റർ ചാടിയ താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയത്. ഈ വർഷം ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1.93 മീറ്റർ ചാടി ദേശീയ റെക്കോർഡ് സ്ഥാപിച്ച പൂജ സ്വർണം നേടിയിരുന്നു.

പുരുഷ ലോങ്ജമ്പിൽ ഇന്ത്യയുടെ ഷാനവാസ് ഖാനും ആർ.സി. ജിതിൻ അർജുനനും ഫൈനലിലേക്ക് കടന്നു. ഷാനവാസ് 7.73 മീറ്ററും ജിതിൻ 7.57 മീറ്ററും ചാടി യഥാക്രമം അഞ്ചും പന്ത്രണ്ടും സ്ഥാനങ്ങളിലായാണ് ഫൈനലിന് യോഗ്യത നേടിയത്.

അതേസമയം, വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പൂനത്തിന് ഫൈനൽ പ്രവേശനം നഷ്ടമായി. 48.81 മീറ്ററായിരുന്നു പൂനത്തിന്റെ മികച്ച പ്രകടനം. യോഗ്യതാ പട്ടികയിൽ 13-ാം സ്ഥാനത്തായതിനാൽ അവസാന 12 പേരിൽ ഇടം നേടാനായില്ല.

മറുപടി രേഖപ്പെടുത്തുക