വന്ദേമാതരം മുഴുവനായി പാടണമെന്ന സർക്കുലർ; സർക്കാർ നിലപാടല്ലെന്ന് മന്ത്രി കെ. മുരളീധരൻ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര സർക്കാർ പ്രോട്ടോക്കോൾ കേരളത്തിൽ അതേപടി നടപ്പാക്കില്ലെന്നും സംസ്ഥാനത്ത് പതിവായി ആലപിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

“കേരളത്തിൽ വന്ദേമാതരം രണ്ട് വരി മാത്രമാണ് പാടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളിലും രണ്ട് വരികളാണ് ആലപിച്ചിരുന്നത്. ഗവർണർ പങ്കെടുത്ത പരിപാടികളിലടക്കവും അതേ രീതിയാണ് പിന്തുടരുന്നത്,” എന്ന് മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ താഴെത്തട്ടിലേക്ക് കൈമാറുക എന്നത് അദ്ദേഹത്തിന്റെ ചുമതലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ സർക്കുലറിലെ നിർദേശം സർക്കാർ നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. “അർജുൻ ആയങ്കിയെ പിടികൂടുമെന്ന് ഉറപ്പായിരുന്നു. കുറച്ചുകാലം ഷോ കാണിച്ച് നടന്നുവെന്നുമാത്രം. ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടാൻ ആർക്കും കഴിയും,” എന്നും അദ്ദേഹം വിമർശിച്ചു.

വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ, അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലോക്ഭവന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ പുറത്തിറക്കിയതെന്ന വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.

അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിട്ടില്ല.

ചീഫ് സെക്രട്ടറിയുടെ സർക്കുലർ പ്രകാരം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടികളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക