ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുത്; ശശി തരൂരിനോട് കെ.സി വേണുഗോപാൽ

കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങൾ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസി പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വേണുഗോപാലിന്റെ വിമർശനം.

“രാഹുൽ ഗാന്ധിയെ രണ്ട് പറഞ്ഞാൽ ബിജെപിക്ക് സന്തോഷമാകും. രാഹുൽ ഗാന്ധിയെ മോശമായി പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണം. ശശി തരൂർ മനപ്പൂർവം അങ്ങനെ പറഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” കെ.സി. വേണുഗോപാൽ പറഞ്ഞു.

ജെൻസി പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകളും അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നത് രാഹുൽ ഗാന്ധിയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധവും ജെൻസിക്ക് വേണ്ടിയായിരുന്നുവെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അടുത്തിടെ അലഹബാദിൽ നടന്ന പരിപാടിയിലും രാഹുൽ ഗാന്ധി വിദ്യാർഥി വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകൾ കാണാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ശശി തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ നിലപാടുകളും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും അവഗണിച്ച് നടത്തുന്ന പരാമർശങ്ങൾ രാഷ്ട്രീയമായി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക