വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെതിരെ വെടിവെക്കണമെന്ന് പരാമർശിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 9-ന് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് തിരുവനന്തപുരം സൈബർ പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനകളാണ് കേസിന് ആധാരമായത്. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും, ആളുകൾ മരിച്ചാലും സമരം അടിച്ചമർത്തണമെന്നും മോഹൻദാസ് പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമരത്തിൽ പങ്കെടുത്ത പെൺവിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയിരുന്നുവെന്നാണ് ആരോപണം.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവാദ വീഡിയോ മോഹൻദാസിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ലഹളയ്ക്ക് പ്രേരണ നൽകിയതടക്കം നാല് കുറ്റങ്ങളാണ് മോഹൻദാസിനെതിരെ ചുമത്തിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക