ബിജെപി സംസ്ഥാന ഓഫീസിനെ കേന്ദ്രീകരിച്ച് ഉയർന്ന ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ രൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണ വിധേയരെ നിയമിച്ചതിന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഉത്തരവാദിയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ജനറൽ സെക്രട്ടറി സുരേഷിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശ്രീലേഖ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തത് ചർച്ചയായി. മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന സോമനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പാർട്ടി സംരക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു.
പാർട്ടിക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപിയുടെ വിശ്വാസ്യത തകരുമെന്ന് ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകി. തൃശൂർ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപ മാറ്റിയതുമായി ബന്ധപ്പെട്ടും വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇൻകം ടാക്സ് റെയ്ഡിന്റെ സാധ്യത ചൂണ്ടിക്കാട്ടി ഫണ്ട് മാറ്റാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നുവെന്നും, പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദ വിഷയത്തിൽ പാർട്ടി തനിക്കൊപ്പം നിന്നില്ലെന്ന് കെ. സോമൻ യോഗത്തിൽ പരാതിപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾക്ക് മുന്നിൽ തങ്ങളെ പ്രതിരോധിക്കാതെ വിട്ടുകൊടുത്തുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. മുൻ തെരഞ്ഞെടുപ്പ് കാലത്ത് സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ ഒന്നിച്ചുനിന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സോമന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് രംഗത്തെത്തി. ഇത്തവണ ചില നേതാക്കളുടെ പ്രവർത്തനങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. “ഉപ്പ് തിന്നവർ വെള്ളം കുടിക്കണം” എന്ന പരാമർശത്തിലൂടെയാണ് വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിലെ ഭിന്നത കൂടുതൽ പരസ്യമായതായാണ് കോർ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ വ്യക്തമാക്കുന്നത്.
