സ്വാതന്ത്ര്യദിനാഘോഷ സർക്കാർ ചടങ്ങിൽ നടി തൃഷ; ‘മുരസൊലി’യിലൂടെ വിമർശനവുമായി ഡിഎംകെ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്-തൃഷ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ നടി തൃഷ പങ്കെടുത്തതിനെതിരെ ഡിഎംകെയുടെ ഔദ്യോഗിക പത്രമായ ‘മുരസൊലി’ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഫോർട്ട് സെന്റ് ജോർജിൽ നടന്ന സർക്കാർ ചടങ്ങിൽ തൃഷ മുൻനിരയിൽ ഇരുന്നതും വിജയ് അവരെ ആവർത്തിച്ച് സല്യൂട്ട് ചെയ്തതും വിമർശനത്തിന് ഇടയാക്കിയതായി പത്രം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ വിജയിയുടെ മാതാപിതാക്കൾക്ക് സമീപമാണ് തൃഷ മുൻനിരയിൽ ഇരുന്നത്. മഞ്ഞ സാരിയണിഞ്ഞാണ് അവർ ചടങ്ങിനെത്തിയത്. ദേശീയപതാക ഉയർത്തുന്ന സമയത്ത് വിജയ് തൃഷയെ സല്യൂട്ട് ചെയ്തതായും പിന്നീട് ഔദ്യോഗിക പരിപാടികളിലും അവർ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വിജയും തൃഷയും തമ്മിലുള്ള സൗഹൃദം ഏറെക്കാലമായി സിനിമാ-രാഷ്ട്രീയ മേഖലകളിൽ ചർച്ചയാകുന്ന വിഷയമാണ്. മെയ് മാസത്തിൽ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഇരുവരും തമ്മിലുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെയാണ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തൃഷയെക്കുറിച്ചുള്ള മുൻകാല പരാമർശങ്ങളും വീണ്ടും ചർച്ചയാകുന്നത്. ഉദയനിധിയുടെ പരാമർശത്തിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് നാലിന് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേദിവസം തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.

ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ‘മുരസൊലി’യിലെ പുതിയ വിമർശനം രാഷ്ട്രീയ പ്രാധാന്യം നേടുന്നത്. വിജയ്-തൃഷ ബന്ധത്തെ പരാമർശിച്ച് ഡിഎംകെ വിജയിയുടെ പ്രതിച്ഛായയെ തകർക്കാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈയും വിഷയത്തിൽ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സ്ത്രീകളെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പഴയ രാഷ്ട്രീയ രീതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതോടെ വിജയ്-തൃഷ വിഷയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും സജീവമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക