ഇറാനുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കാൻ ഉന്നത പ്രതിനിധികൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനുമായി ചില “പോസിറ്റീവ് ചർച്ചകൾ” നടന്നിരുന്നുവെങ്കിലും ടെഹ്‌റാനുമായി തുടർനീക്കങ്ങൾ നടത്തേണ്ടതില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഉൾപ്പെടെയുള്ള ചർച്ചാ സംഘത്തോട് ട്രംപ് നിർദേശിച്ചതായാണ് റിപ്പോർട്ട്.
സംഘർഷം പരമാവധി കുറയ്ക്കാനുള്ള സന്നദ്ധത ട്രംപ് നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും, യുഎസ് ആവശ്യങ്ങൾക്ക് വഴങ്ങാൻ ഇറാൻ തയ്യാറാകാത്തതിൽ അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന. വീണ്ടും ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് താൻ ആവശ്യപ്പെടുന്ന കരാറിലേക്ക് നീങ്ങാനുള്ള സന്നദ്ധത ഇറാൻ നേതൃത്വം പ്രകടിപ്പിക്കണമെന്നാണ് ട്രംപിന്റെ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇറാനെതിരെ കൂടുതൽ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നതിനുപകരം ദീർഘകാല സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിനാണ് വൈറ്റ് ഹൗസ് തന്ത്രം മാറ്റുന്നതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാനെ സാമ്പത്തികമായി “കഴുത്തുമുട്ടിക്കുന്ന” നടപടികളിലേക്ക് അമേരിക്ക നീങ്ങുകയാണെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
