കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കണക്ക് ശേഖരിക്കാൻ നിർദേശം; തമിഴ്‌നാട്ടിൽ തഹസിൽദാരെ സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട് ചെന്നൈയിൽ ഹാജരാകാനും അധികൃതർ നിർദേശിച്ചു.

ഗുസിലിയാംപാറൈ താലൂക്കിലെ വില്ലേജ് അസിസ്റ്റന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കും അയച്ച നിർദേശത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] എന്നിവയുടെ അംഗങ്ങളുടെയും നേതാക്കളുടെയും എണ്ണം ശേഖരിച്ച് നൽകാൻ ആവശ്യപ്പെട്ടത്.

വിവരങ്ങൾ അതേ ദിവസം വൈകുന്നേരത്തിനകം സമർപ്പിക്കണമെന്നും, കണക്ക് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിർദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.

രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളുടെ വിവരങ്ങൾ സർക്കാർ ഉദ്യോഗസ്ഥരോട് ശേഖരിക്കാൻ നിർദേശിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ വിശദീകരണം തേടിയ ജില്ലാ ഭരണകൂടം, പ്രാഥമിക അന്വേഷണത്തിന് പിന്നാലെ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക