ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല; ബിജെപിയെ പേടിച്ച് പിന്നോട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻപ് നടന്ന റെയ്ഡുകളിലും ഒന്നും ലഭിച്ചിരുന്നില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയെ ഭയന്ന് ഓടിപ്പോകില്ലെന്നും ബിജെപിയുടെ അപകടകരമായ രാഷ്ട്രീയത്തെ തുടർന്നും ശക്തമായി എതിർക്കുമെന്നും റിയാസ് പറഞ്ഞു. ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച സ്ഥാപനമാണെന്നും സേവനങ്ങൾ നൽകിയതിന് നിയമാനുസൃതമായാണ് അക്കൗണ്ടിലൂടെ പണം സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ സുഹൃത്തുക്കളെ ലക്ഷ്യമിട്ടുള്ള നടപടികൾക്കും റിയാസ് പ്രതികരിച്ചു. വർഷങ്ങളായുള്ള വ്യക്തിബന്ധമുള്ളവരാണ് അവർ എന്നും നിയമപരമായി ബിസിനസ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പുകമറ സൃഷ്ടിച്ച് ആളുകളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താൻ സമർപ്പിച്ച നാമനിർദേശ പത്രികയിൽ തന്നെ ബന്ധപ്പെട്ട സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഭർത്താവ് എന്ന നിലയിൽ വീണയോട് ബിസിനസ് ചെയ്യണമെന്നും വെറുതെ ഇരിക്കരുതെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടിയുടെ തീരുമാനമെന്ന് വ്യക്തമാക്കിയ റിയാസ്, ഇഡിയെ പേടിച്ച് ബിജെപിയിലേക്ക് പോയ ചില കോൺഗ്രസ് നേതാക്കളെപ്പോലെയാകില്ല താനെന്ന് പറഞ്ഞു. “തല പോയാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല” എന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവിന്റെ മകളോ ഭാര്യയോ ആണെന്ന കാരണത്താൽ ഒരാൾക്ക് ബിസിനസ് നടത്താൻ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക