ബെവ്കോ ഔട്ട്ലറ്റുകളിലൂടെ നടപ്പാക്കിയിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുമുതൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളിൽ പ്രദർശിപ്പിക്കും.
ഔട്ട്ലറ്റുകളിൽ വൻതോതിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ കെട്ടിക്കിടക്കുകയും അവ സമയബന്ധിതമായി നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തിരുന്നു. ഇത് ജീവനക്കാർക്കിടയിൽ വ്യാപകമായ പരാതികൾക്ക് ഇടയാക്കി. കൂടാതെ മദ്യശാലകളുടെ പരിസരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ കുപ്പികളും കുന്നുകൂടുന്നതായുള്ള പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യങ്ങളാണ് പദ്ധതി അവസാനിപ്പിക്കാൻ ബെവ്കോയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഈ പദ്ധതിക്കെതിരെ തുടക്കം മുതൽ തന്നെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. മദ്യം വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് ഓരോ കുപ്പിക്കും 20 രൂപ വീതം ഡെപ്പോസിറ്റായി ഈടാക്കുന്നതായിരുന്നു പദ്ധതിയുടെ രീതി. ഈ തുക മദ്യത്തിന്റെ വിലയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ബെവ്കോയുടെ സ്റ്റിക്കർ വ്യക്തമായി പതിച്ചിരിക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ ഔട്ട്ലറ്റുകളിൽ തിരികെ ഏൽപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 20 രൂപ തിരിച്ചുകിട്ടുമായിരുന്നു. പൊതുസ്ഥലങ്ങളിൽ മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് കുറയ്ക്കുകയും അവയുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2025 സെപ്റ്റംബറിൽ പദ്ധതി ആരംഭിച്ചത്.
എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകളും സംഭരണ പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ മദ്യം വാങ്ങി ഡെപ്പോസിറ്റ് അടച്ച ഉപഭോക്താക്കൾക്ക് ഈ മാസം 20 വരെ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകി 20 രൂപ വീതം കൈപ്പറ്റാൻ അവസരമുണ്ടാകുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.
