ഹോർമുസ് കടലിടുക്കിനെ ‘പുതിയ യുഎസ് പ്രദേശം’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ഇറാൻ രംഗത്ത്. ട്രംപിനെ ‘ഭ്രമാത്മകൻ’ എന്ന് വിശേഷിപ്പിച്ച ഇറാൻ, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പും നൽകി.
ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച പോസ്റ്റിലാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂപടം ‘യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പുതിയ പ്രദേശം’ എന്ന തരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെഹ്‌റാനിൽ നിന്ന് ശക്തമായ പ്രതികരണമുണ്ടായത്.
ട്രംപിന്റെ ‘മിഥ്യാധാരണകൾ’ ഇറാൻ തിരുത്തുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. അതേസമയം, ‘പേർഷ്യൻ ഗൾഫ്’ എന്ന പേര് ശരിയായി ഉപയോഗിച്ചതിന് ട്രംപിനെ അദ്ദേഹം പരിഹസിച്ച് പ്രശംസിക്കുകയും ചെയ്തു. ജലപാതയെ ‘അറബ് ഗൾഫ്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ട്രംപിന്റെ മുൻ നിലപാടിനെയാണ് അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാക്പോരുണ്ടായത്. സമാധാനത്തിലെത്തുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന രണ്ട് മാസത്തെ സമയപരിധിയും തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള അവകാശവാദത്തിന് പിന്നാലെ ഇറാനുമായി നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ശക്തമായി തുടരുകയാണെന്നും കടലിടുക്ക് തുറന്നും പ്രവർത്തനക്ഷമമായും തുടരുകയാണെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ അവകാശപ്പെട്ടു. കടലിലെ മൈനുകൾ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമുണ്ടായാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഒമാനെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ട്രംപ് നേരത്തെ ഉയർത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ ഒമാന് നിർണായക പങ്കാണുള്ളത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനുമായി ഒമാൻ സമാന്തര ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിനായി സ്ഥിരമായി ടോൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായിയും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അമേരിക്ക-ഇറാൻ തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള പുതിയ അവകാശവാദങ്ങളും പ്രതികരണങ്ങളും പുറത്തുവരുന്നത്.
