മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ഇഡി പുകമറ സൃഷ്ടിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയുടെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആവശ്യമെങ്കിൽ ഇഡി ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുമെന്നും മെഹബൂബ് പറഞ്ഞു. പി.എ. മുഹമ്മദ് റിയാസിന്റേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണെന്നും അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ഇഡിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹബൂബ്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ചും പാർട്ടി നേതൃത്വം രംഗത്തെത്തി. നിഖിലിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിന് എല്ലാ രാഷ്ട്രീയ പിന്തുണയും നൽകുമെന്നും മെഹബൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇഡി പരിശോധന നടക്കുന്നതിനിടെ നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ബിജെപിക്കൊപ്പം കോൺഗ്രസും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന തുടരുകയാണ്. രാവിലെ ആരംഭിച്ച പരിശോധന 12 മണിക്കൂറിലേറെ പിന്നിട്ടു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റും തറവാട് വീടും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചെന്നാണ് വിവരം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽനിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
