യുഎഇയെ പരിഭ്രാന്തിയിലാഴ്ത്തി മിസൈൽ ഭീഷണി; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം

മിസൈൽ ഭീഷണി സംബന്ധിച്ച് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച യുഎഇയിൽ ആശങ്കയുണ്ടായി. രാജ്യത്തെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ‘സാധ്യതയുള്ള മിസൈൽ ഭീഷണി’ എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭീഷണി വിജയകരമായി തടഞ്ഞതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി സമീപത്തെ സുരക്ഷിത മേഖലകളിലേക്ക് മാറാനും ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്നു നിൽക്കാനും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചതോടെ ജനങ്ങളിൽ ആശങ്ക പടർന്നെങ്കിലും, ഭീഷണി ഒഴിവാക്കിയതായി പിന്നീട് അധികൃതർ അറിയിച്ചതോടെ സ്ഥിതിഗതികൾ ശാന്തമായി.

യുഎഇ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച മിസൈൽ ഭീഷണി കണ്ടെത്തിയതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നടത്തിയ പ്രതിരോധ നടപടികളുടെ ഭാഗമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

ഗൾഫ് മേഖലയിൽ ഇറാനുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം. ഇറാനിൽ നിന്ന് വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

മേഖലയിലെ സംഘർഷങ്ങൾ ശക്തമായതിനെ തുടർന്ന് യുഎഇയിൽ ഇത്തരം അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിലുണ്ട്. നേരത്തെയും പലതവണ സമാന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും ജൂലൈ മധ്യത്തിന് ശേഷം വീണ്ടും മിസൈൽ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്.

മറുപടി രേഖപ്പെടുത്തുക