മിസൈൽ ഭീഷണി നേരിട്ടതിന് പിന്നാലെ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും പ്രവർത്തനശേഷി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ‘ഏറ്റവും കടുത്ത നിശ്ചയദാർഢ്യത്തോടെ’ നേരിടാൻ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവർത്തന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടത്. തുടർന്ന് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു.
യുഎഇ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ആദ്യത്തേത് രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാകാതിരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച വൈകിട്ട് 6.52നാണ് മിസൈൽ ഭീഷണിയെ തുടർന്ന് യുഎഇയിലെ നിവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം എത്തിയത്. ‘ഉടൻ തന്നെ സമീപത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക’ എന്നായിരുന്നു മുന്നറിയിപ്പ്.
ജൂലൈ 12ന് ശേഷം രാജ്യത്ത് ഇത്തരമൊരു അടിയന്തര മുന്നറിയിപ്പ് ലഭിക്കുന്നത് ആദ്യമായതിനാൽ ജനങ്ങൾ വലിയ ജാഗ്രതയിലായിരുന്നു. അതേസമയം, രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ യുഎഇ സായുധ സേന സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
