വിലകൂടിയ ആഡംബര കാറുകൾ വാങ്ങാൻ കടബാധ്യതകളിലും തവണകളിലും കുടുങ്ങുന്നതിനുപകരം വിദ്യാഭ്യാസത്തിലും കരിയർ വളർച്ചയിലും കുടുംബ ജീവിതത്തിന്റെ അടിത്തറ പാകുന്നതിലുമാണ് യുവാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.
താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് ആഡംബര ജീവിതശൈലി പിന്തുടരുന്നത് ഒഴിവാക്കണമെന്നും യുവാക്കൾ യാഥാർഥ്യബോധത്തോടെ ജീവിതം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരിയറിന്റെ തുടക്കഘട്ടത്തിൽ സാമ്പത്തിക സ്ഥിരതയും കുടുംബ സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമാണ് തൊഴിൽ മേഖലയിലെ പുരോഗതിയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഡിപ്ലോമ മുതൽ പി.എച്ച്.ഡി വരെ ഉയർന്ന യോഗ്യതകൾ നേടുന്നത് മികച്ച തൊഴിൽ അവസരങ്ങളിലേക്കും കരിയർ വളർച്ചയിലേക്കും വഴിതെളിക്കുമെന്ന് പറഞ്ഞു. യുവാക്കൾ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത നിലനിർത്തണമെന്നും അറിവാണ് ഭാവി വിജയത്തിന്റെ പ്രധാന ആയുധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സന്ദേശം പുറത്തുവന്നത്. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്സറികളും കിന്റർഗാർട്ടനുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന പ്രാരംഭ ബാല്യകാല വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികളും ഷാർജ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. 2026–27 അധ്യയന വർഷത്തേക്കുള്ള സർക്കാർ നഴ്സറി പ്രവേശനത്തിൽ മുൻവർഷത്തേക്കാൾ 18 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
