ദുബൈയില്‍ ഡ്രൈവറില്ലാ റോബോടാക്‌സി ഹിറ്റ്; പിന്നിട്ടത് 40 ലക്ഷം കിലോമീറ്റര്‍

ദുബൈയില്‍ ഡ്രൈവറില്ലാ റോബോടാക്‌സി സേവനത്തിന് വന്‍ സ്വീകാര്യത. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ച സേവനം ഇതിനകം 40 ലക്ഷത്തിലേറെ കിലോമീറ്റര്‍ പിന്നിട്ടു. ഇതുവരെ 7,613 യാത്രകളാണ് പൂര്‍ത്തിയാക്കിയത്.

പദ്ധതിയില്‍ 144 വാഹനങ്ങളാണുള്ളത്. ഇതില്‍ 48 വാഹനങ്ങളാണ് നിലവില്‍ സജീവമായി സര്‍വീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 50 യാത്രകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. ഉപഭോക്തൃ സംതൃപ്തി 97 ശതമാനത്തിലെത്തിയതായും ഡ്രൈവറില്ലാ യാത്രകളിലുള്ള ജനവിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണിതെന്നും കോര്‍പറേറ്റ് ടെക്‌നോളജി സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ സിഇഒ അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.

2030ഓടെ ദുബൈയിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പായാണ് റോബോടാക്‌സി പദ്ധതിയെ ആര്‍ടിഎ കാണുന്നത്. സുരക്ഷ, വിശ്വാസ്യത, പ്രവര്‍ത്തന സന്നദ്ധത എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി ഘട്ടംഘട്ടമായി വികസിപ്പിക്കുന്നത്.

ഗ്ലോബല്‍ സാങ്കേതിക പങ്കാളികളായ ബൈഡുവിന്റെ അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നിവരുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി നടപ്പാക്കുന്നത്. ഊബര്‍ ആപ്പിലൂടെയും അപ്പോളോ ഗോയുടെ പൂര്‍ണമായും ഡ്രൈവറില്ലാ വാഹനങ്ങള്‍ ദുബൈയില്‍ ബുക്ക് ചെയ്യാം. ന്യൂ ഹൊറൈസണ്‍ ലക്ഷ്വറി ട്രാന്‍സ്‌പോര്‍ട്ടിനാണ് ഫ്‌ലീറ്റ് ഓപ്പറേഷന്റെ ചുമതല.

2026ന്റെ ആദ്യ പകുതിയില്‍ മാത്രം 34.8 കോടി ആളുകളാണ് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത്. പ്രതിദിനം ശരാശരി 19 ലക്ഷം യാത്രക്കാരാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ദുബൈയിലെ കൂടുതല്‍ മേഖലകളിലേക്ക് റോബോടാക്‌സി സേവനം വ്യാപിപ്പിക്കാനാണ് ആര്‍ടിഎയുടെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക