ഇറാന്റെ മിസൈൽ ഭീഷണി; കടുത്ത നീക്കവുമായി യുഎഇ, വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ചു

ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത നടപടിയുമായി യുഎഇ. ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സുരക്ഷാ സാഹചര്യം മോശമാകുന്നതും അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.

യുഎഇ ലക്ഷ്യമിട്ട് ഇറാനിൽനിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിർണായക പ്രഖ്യാപനം. സമുദ്രത്തിലെ നാവിഗേഷൻ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഇതിൽ ഒരു മിസൈൽ യുഎഇയുടെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അന്താരാഷ്ട്ര നിയമങ്ങളും ആഗോള മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് യുഎഇ വ്യക്തമാക്കി. അതേസമയം, സമാധാനത്തിനും പ്രാദേശിക സഹകരണത്തിനും രാജ്യം തുടർന്നും മുൻഗണന നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാനിൽനിന്ന് യുഎഇ ലക്ഷ്യമിട്ട് ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും എത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂണിൽ ധാരണയിലെത്തിയതിനെ തുടർന്ന് ആക്രമണങ്ങൾ കുറഞ്ഞെങ്കിലും പുതിയ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.

ഇതിനിടെ, അമേരിക്കയുമായി സമാധാന ധാരണയിലെത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന ഇറാന്റെ നിലപാടും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന എണ്ണവ്യാപാര പാതകളിലൊന്നായ ഹോർമുസിലെ അനിശ്ചിതത്വം ആഗോള വ്യാപാരത്തെയും ഊർജവിപണിയെയും ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ഇറാന്റെ മിസൈൽ ഭീഷണിക്ക് പിന്നാലെ യുഎഇ സ്വീകരിച്ച സാമ്പത്തിക നിയന്ത്രണം ഗൾഫ് മേഖലയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ ആശങ്കകൾക്കൊപ്പം വ്യാപാര, നിക്ഷേപ മേഖലകളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

മറുപടി രേഖപ്പെടുത്തുക