ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ സിം കാർഡ് നിയമം കടുപ്പിച്ച് കേന്ദ്രം; ഒരാൾക്ക് പരമാവധി 9 സിം

ഡിജിറ്റൽ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി സിം കാർഡുകളുടെ വിതരണം, ഉപയോഗം എന്നിവയിൽ നിയന്ത്രണം ശക്തമാക്കി ടെലികോം വകുപ്പ് (DoT). ഒരു വ്യക്തിയുടെ പേരിൽ പരമാവധി ഒമ്പത് സിം കാർഡുകൾ മാത്രമേ അനുവദിക്കൂ എന്ന നിലവിലെ പരിധി കർശനമായി നടപ്പാക്കുന്നതിനുള്ള നിർദേശമാണ് ടെലികോം കമ്പനികൾക്ക് നൽകിയത്. ഇതുസംബന്ധിച്ച് ഓഗസ്റ്റ് 17ന് ടെലികോം ഓപ്പറേറ്റർമാർക്ക് വകുപ്പ് സർക്കുലർ അയച്ചു.

പുതിയ സംവിധാനം നടപ്പാക്കുന്നതിനായി ‘ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം’ (DIP) എന്ന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഒരാളുടെ പേരിൽ ഒമ്പതിലധികം സിം കാർഡുകൾ കണ്ടെത്തിയാൽ, ആ വ്യക്തിയുടെ ഫോട്ടോ DIP പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യും. ഓഗസ്റ്റ് 23 മുതൽ ഈ സംവിധാനം ലഭ്യമാകും.

പുതിയ സിം കാർഡ് അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ ഫോട്ടോയും DIP പ്ലാറ്റ്‌ഫോമിലെ വിവരങ്ങളും ടെലികോം കമ്പനികൾ പരിശോധിച്ച് പൊരുത്തപ്പെടുത്തണം. ഒരാളുടെ പേരിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ സിം കാർഡുകൾ നിലവിലുണ്ടെന്ന് കണ്ടെത്തിയാൽ പുതിയ സിം അനുവദിക്കരുതെന്നാണ് നിർദേശം.

ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർ DIP പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും ടെലികോം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നവംബർ 30നകം പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർണമായും തത്സമയ സംവിധാനത്തിലാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

അനുവദിച്ച പരിധിക്ക് മുകളിൽ സിം കാർഡുകൾ കൈവശമുള്ള ഉപയോക്താക്കൾ അവ സ്വമേധയാ സറണ്ടർ ചെയ്യണമെന്നും ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സിം കാർഡുകൾ ഉപയോക്താക്കൾ ഒഴിവാക്കാത്ത പക്ഷം ബന്ധപ്പെട്ട ടെലികോം കമ്പനികൾ അവ വിച്ഛേദിക്കും.

അതേസമയം, ഒരു വ്യക്തിയുടെ പേരിൽ നിലവിൽ എത്ര സിം കാർഡുകൾ സജീവമാണെന്ന് പരിശോധിക്കുന്നതിനുള്ള സൗകര്യം സർക്കാർ നേരത്തെ തന്നെ ‘സഞ്ചാർ സാത്തി’ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് പോർട്ടൽ വഴി തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ വിവരങ്ങൾ പരിശോധിക്കാനും അനധികൃതമായി എടുത്തിട്ടുള്ള കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും.

പുതിയ നിയന്ത്രണങ്ങളിലൂടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള സിം കാർഡ് വിതരണം, സൈബർ തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുകയാണ് ടെലികോം വകുപ്പിന്റെ പ്രധാന ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക