നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നേരിട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണ് തനിക്ക് തിരിച്ചടി നൽകിയതെന്നും അതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമായതെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎയുടെ ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രസംഗം പങ്കുവെച്ചാണ് അൻവറിന്റെ പ്രതികരണം. “ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല” എന്നായിരുന്നു പോസ്റ്റിന്റെ തുടക്കം.
ബേപ്പൂരിലെ ജനങ്ങളും പ്രവർത്തകരും തന്നെ വിജയിപ്പിച്ചപ്പോഴും, പരാജയപ്പെടുത്തിയത് സ്വന്തം മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ടവരാണെന്ന് അൻവർ ആരോപിച്ചു. കഴിഞ്ഞ ഒന്നര വർഷമായി നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിസത്തിനും കുടുംബാധിപത്യ രാഷ്ട്രീയത്തിനുമെതിരെ താൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് യുഡിഎഫിനെ 102 സീറ്റുകളുടെ വിജയത്തിലേക്ക് എത്തിക്കാൻ സഹായിച്ചതെന്നും അൻവർ അവകാശപ്പെട്ടു. യുഡിഎഫിൽ വിജയിച്ചവരിൽ വലിയൊരു വിഭാഗത്തിനും തന്റെ പോരാട്ടത്തിന്റെ ഫലമാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം കുറിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ചിലരുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളെ ബാധിച്ചിരുന്നോ എന്നതും പരിശോധിക്കേണ്ട വിഷയമാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. പാളയത്തിനുള്ളിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അതാണ് രാഷ്ട്രീയ രംഗത്തെ തന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കൊപ്പം പ്രവർത്തിച്ച സാധാരണ പ്രവർത്തകരോടും ജനാധിപത്യ വിശ്വാസികളോടും പിണറായിസത്തിനെതിരെ പോരാട്ടത്തിൽ പങ്കുചേർന്ന എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തിയാണ് അൻവർ പോസ്റ്റ് അവസാനിപ്പിച്ചത്.
