കേന്ദ്രത്തിലെ എൻഡിഎ സർക്കാർ സംവരണ സംവിധാനത്തെ പരോക്ഷമായി ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. സർക്കാർ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ വെക്കുന്നതിലൂടെ സംവരണത്തിന്റെ പ്രയോജനം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഖാർഗെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 2015ൽ കേന്ദ്ര സർക്കാർ വകുപ്പുകളിൽ 4.21 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടന്നിരുന്നുവെങ്കിൽ 2024ഓടെ അത് 8.24 ലക്ഷമായി ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ റെയിൽവേയിൽ 2.40 ലക്ഷം തസ്തികകളും പ്രതിരോധ മന്ത്രാലയത്തിൽ 2.41 ലക്ഷം തസ്തികകളും ആഭ്യന്തര മന്ത്രാലയത്തിൽ 1.10 ലക്ഷം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഖാർഗെ അവകാശപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും സ്ഥിരം തൊഴിലുകൾ കരാർ നിയമനങ്ങളാക്കി മാറ്റുന്നതും സംവരണ സംവിധാനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിൽ 5.1 ലക്ഷം സ്ഥിരം തൊഴിലവസരങ്ങൾ ഇല്ലാതായെന്നും കരാർ തൊഴിലാളികളുടെ വിഹിതം 19 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർന്നുവെന്നും ഖാർഗെ വ്യക്തമാക്കി.
“ഭരണഘടന ഭേദഗതി ചെയ്യാതെ തന്നെ സംവരണം ഇല്ലാതാക്കാനുള്ള മാർഗമാണ് സർക്കാർ സ്വീകരിക്കുന്നത്. സംവരണം ലഭിക്കുന്ന സ്ഥിരം ജോലികൾ ഇല്ലാതാക്കിയാൽ മതിയെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്,” എന്നായിരുന്നു ഖാർഗെയുടെ വിമർശനം.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അടിയന്തരമായി നികത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണമെന്നും സംവരണത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
