ബഹ്റൈനിൽ നിന്ന് ഒഴിപ്പിച്ച 1,300 അമേരിക്കൻ നാവികസേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് തിരിച്ചുവരവ് അനിശ്ചിതം

ഇറാനുമായുള്ള യുദ്ധസാഹചര്യത്തെ തുടർന്ന് ബഹ്റൈനിൽ നിന്ന് ഒഴിപ്പിച്ച 1,300 അമേരിക്കൻ നാവികസേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് ഉടൻ തിരിച്ചെത്താനാകില്ലെന്ന സൂചന. ഏകദേശം ആറുമാസം മുമ്പാണ് സുരക്ഷാ കാരണങ്ങളാൽ കുടുംബങ്ങളെ ബഹ്റൈനിൽ നിന്ന് ഒഴിപ്പിച്ചത്. എന്നാൽ പ്രതിസന്ധി നീളുന്നതിനിടെ താൽക്കാലിക താമസം, സാമ്പത്തിക ബാധ്യത, വ്യക്തിഗത സാധനങ്ങൾ ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളാണ് കുടുംബങ്ങൾ നേരിടുന്നത്.

ബഹ്റൈനിലേക്ക് തിരിച്ചുപോകുന്നത് കാത്തിരിക്കാതെ പുതിയ സ്ഥിരം ഡ്യൂട്ടി സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സൈനിക ഉദ്യോഗസ്ഥർ കുടുംബങ്ങളോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. അടിസ്ഥാന ജീവിതച്ചെലവുകൾക്കായി ചില കുടുംബങ്ങൾ സ്വന്തം കൈയിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ വരെ ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. താൽക്കാലിക താമസകേന്ദ്രങ്ങളിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ നിലത്ത് ഉറങ്ങേണ്ടിവന്ന കുടുംബങ്ങളും ഉണ്ടായിട്ടുണ്ട്.

അതേസമയം, കാറുകൾ, ഫർണിച്ചറുകൾ തുടങ്ങി കുടുംബങ്ങളുടെ നിരവധി സാധനങ്ങൾ ബഹ്റൈനിലോ മേഖലയിലെ കപ്പലുകളിലോ കുടുങ്ങിക്കിടക്കുകയാണ്. ഇവ തിരിച്ചെത്തിക്കുന്നതും കുടുംബങ്ങൾക്ക് വലിയ വെല്ലുവിളിയായി തുടരുന്നു.

കുടുംബങ്ങളെ സഹായിക്കുന്നതിനായി താമസം, ഗതാഗതം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ആനുകൂല്യങ്ങൾ നീട്ടുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില ആനുകൂല്യങ്ങൾ 180 ദിവസം അഥവാ ആറുമാസത്തിന് ശേഷം അവസാനിക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ഇത്രയും ദീർഘകാലം പ്രതിസന്ധി തുടരുമെന്ന് കണക്കാക്കിയാണ് നിലവിലെ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തതല്ലെന്ന് അമേരിക്കൻ നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ കർട്ട് റെൻഷോ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതിനാൽ സാഹചര്യം മാറുന്നതിനനുസരിച്ച് ഓരോ ഘട്ടത്തിലും പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ നാവികസേനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബഹ്റൈനിലെ നാവൽ സപ്പോർട്ട് ആക്ടിവിറ്റി. സാധാരണയായി ഇവിടെ നാവികസേനയുടെ കേന്ദ്ര കമാൻഡ് ആസ്ഥാനവും ആയിരക്കണക്കിന് സൈനികരും അവരുടെ കുടുംബാംഗങ്ങളും സിവിലിയൻ ജീവനക്കാരുമുണ്ടാകും.

എന്നാൽ ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണ സാധ്യത കണക്കിലെടുത്ത് നിർണായക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിമിത സാന്നിധ്യം മാത്രമാണ് ബഹ്റൈനിൽ നിലനിർത്തിയത്.

കുടുംബങ്ങൾ ബഹ്റൈനിലേക്ക് എപ്പോൾ തിരിച്ചെത്തുമെന്നതിനപ്പുറം, ബഹ്റൈനിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഭാവി എന്തായിരിക്കും എന്നതാണ് ഇപ്പോൾ പ്രധാന ചോദ്യമായി ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക